
Mozhi Podcast
By Mozhi


കാറ്റു വീശിയപ്പോൾ
കാറ്റു വീശിയപ്പോൾ...
ഇന്നയാൾ കാണാൻ വന്നിരുന്നു, ഒരു മുന്നറിയിപ്പും ഇല്ലാതെ...
കൈയിൽ ഇരുന്ന പൂക്കൾ നീട്ടിക്കൊണ്ടു സ്വയം പരിചയപ്പെടുത്തി. "3247, ഈസ്റ്റേൺ ബ്ലോക്ക്. ഓർക്കുന്നുണ്ടായിരിക്കും എന്നു വിശ്വസിക്കുന്നു."
വർഷങ്ങൾ കുറച്ചു കഴിഞ്ഞു പോയി എങ്കിലും ഓർക്കാതിരിക്കാൻ കഴിയില്ലല്ലോ. ജയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന കാലം. ഡോക്ടർ ആഴ്ചയിൽ ഒരു ദിവസം മാത്രമേ സന്ദർശിക്കുമായിരുന്നൊള്ളു. പിന്നീടുള്ള ദിവസങ്ങളിൽ തടവുകാരുടെ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക, രേഖകൾ സൂക്ഷിക്കുക തുടങ്ങിയ പണികളുമായി കഴിയുന്ന കാലം.
ജയിൽ - അക്കങ്ങളായി ജീവിക്കുന്നവരുടെ ലോകമാണ് അത്. തുടക്കത്തിൽ അല്പം ഭയമായിരുന്നു, ജയിൽ പുള്ളികളുമായുള്ള ഇടപെടൽ. പിന്നീടു മനസ്സിലായിത്തുടങ്ങി ഓരോ അക്കങ്ങൾക്കു പിന്നിലും ഓരോ ജീവിതമുണ്ടെന്ന്. കുറ്റവാളികളായി ജനിക്കുന്നവർ ഒരുപക്ഷെ ഉണ്ടാകാം. ഒരു ജന്മ വൈകല്യം പോലെ, വഷളൻ ജീനുകളുമായി ജനിക്കുന്നവർ. ബാക്കി എല്ലാവരും ജീവിത സാഹചര്യങ്ങളിൽ കുറ്റവാളികൾ ആയിപ്പോയവരാണ്. അവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പുരുഷന്മാർ തന്നെ ആയിരുന്നു ആധിപത്യം. കടുത്ത കുറ്റങ്ങൾ ചെയ്തവരും പുരുഷന്മാർ തന്നെ ആയിരുന്നു.
നടപടികൾ പ്രകാരം ആരോഗ്യ പ്രശ്നമുള്ളവർ ടെലിഫോണിൽ നഴ്സുമായി സംസാരിക്കും. അത്യാവശ്യമുള്ളവരോടു മാത്രം ജയിലിലെ ക്ലിനിക്കിൽ എത്താൻ ആവശ്യപ്പെടും. 3247 എന്നാണ് ക്ലിനിക്കിൽ ആദ്യമായി എത്തിയത് എന്ന് ഓർക്കാൻ കഴിയുന്നില്ല. ഓർക്കാനായി എന്തെങ്കിലും ആ സന്ദർശനത്തിൽ ഉണ്ടാവില്ല. 3247 ഓർമയിൽ സ്ഥിരവാസം തുടങ്ങിയതു പിന്നീട് തുടർച്ചയായി ഉണ്ടായിട്ടുള്ള ടെലിഫോൺ സംഭാഷണങ്ങളിലൂടെ ആയിരുന്നു. എല്ലാ ആഴ്ചയും അയാൾ വിളിച്ചിരിക്കും. ഒരിക്കൽ ശ്വാസം മുട്ടൽ ആണെങ്കിൽ അടുത്ത തവണ നെഞ്ചെരിച്ചിൽ ആയിരിക്കും. മറ്റൊരു തവണ തലവേദന ആയിരിക്കും. അങ്ങിനെ എന്തെകിലും. എന്നാൽ ഗുരുതരമായ പ്രശ്നങ്ങൾ അയാൾക്ക് ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
ആരോഗ്യ പ്രശ്നവുമായി വരുന്നവരുടെ മറ്റു കാര്യങ്ങൾ അറിയാൻ യാതൊരു സാഹചര്യവും അവിടെ ഇല്ലായിരുന്നു എങ്കിലും ചിലർ അതു സ്വയം വെളിവാക്കുമായിരുന്നു. താൻ എന്തു കൊണ്ടു കുറ്റം ചെയ്യേണ്ടി വന്നു എന്നും, എത്ര കാലമായി അവിടെ ഉണ്ട് എന്നും മറ്റും. ഞാൻ ആലോചിച്ചിട്ടുണ്ട്, എന്തിനാണ് ഒരു നേഴ്സ് ആയ ഞാൻ ഇതൊക്കെ അറിയുന്നത്. 3247 പലതും പറഞ്ഞിരുന്നു. അയാൾ ഏകാന്ത തടവിൽ ആണെന്നും, ഭാര്യയും കുട്ടികളും ഉണ്ടെന്നും ഒക്കെ.
ഭൂതകാലത്തിലേക്കുള്ള എന്റെ യാത്രയ്ക്കു വിരാമം ഇട്ടുകൊണ്ട് അയാൾ ചോദിച്ചു. "എന്നെ ഓർക്കുന്നില്ലേ?"
പൂക്കൾ വാങ്ങിയ ശേഷം ഞാൻ മറുപടി പറഞ്ഞു. "ഉവ്വ്, നിങ്ങളുടെ ശബ്ദം പോലും എനിക്ക് തിരിച്ചറിയാൻ കഴിയും"
അയാൾ മന്ദഹസിച്ചു. "ഒരു നന്ദി പറയാൻ വന്നതാണ്, ഒപ്പം ഒരു ക്ഷമാപണവും..."
"കഴിഞ്ഞ ആഴ്ച ഞാൻ പുറത്തു വന്നു. ഏറെ അന്വേഷിച്ചു നിങ്ങളെപ്പറ്റി അറിയാൻ. സത്യത്തിൽ ഞാൻ നിങ്ങളെ കുറെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. എനിക്ക് പ്രത്യേകിച്ചു അസുഖങ്ങൾ ഒന്നും ഇല്ലായിരുന്നു. എങ്കിലും അങ്ങിനെ ഉണ്ടെന്നു ഭാവിച്ചതു നിങ്ങളുടെ ശബ്ദം കേൾക്കാൻ വേണ്ടി മാത്രമായിരുന്നു. ഏകാന്തമായ തടവിൽ, ആരെയും കാണാതെ, ആരോടും മിണ്ടാതെ കഴിയുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ച് എനിക്ക്. എപ്പോഴും ആരോടെങ്കിലും സംസാരിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന ചിലരുണ്ടല്ലോ... അവരിൽ ഒരാളാണ് ഞാൻ. ഓരോ വീർപ്പുമുട്ടലിന്റെയും അവസാനം ഞാനൊരു കള്ളം കണ്ടു പിടിച്ചിരുന്നു; നിങ്ങളോടു സംസാരിക്കാൻ മാത്രം. ലോകത്തെ ഏറ്റവും മനോഹരമായ ശബ്ദം ഏതെന്നു ചോദിച്ചാൽ, ഞാൻ പറയും, അതു നിങ്ങളുടെ ശബ്ദമാണെന്നു. ആ ശബ്ദമാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത്. നിങ്ങൾ അവിടെ നിന്നും പിരിഞ്ഞു പോയ ശേഷം ഞാൻ വളരെ ബുദ്ധിമുട്ടിലായിരുന്നു. പുതിയതായി വന്ന ആൾക്ക് എന്നെ മനസ്സിലാക്കാൻ കഴിയില്ലായിരുന്നു. ഇറങ്ങിക്കഴിഞ്ഞാൽ നിങ്ങളെ കാണെണമെന്ന പ്രതീക്ഷയിലായി പിന്നീടുള്ള ജീവിതം. എന്നെ ഇവിടം വരെ കൊണ്ടെത്തിച്ചതിനു നന്ദി. ഒരുപാടു കള്ളം പറഞ്ഞു ബുദ്ധിമുട്ടിച്ചതിനു എന്നോട് ക്ഷമിക്കുക."
ചായയോ കാപ്പിയോ കഴിച്ചിട്ടു പോകാം എന്നു പറഞ്ഞെങ്കിലും അയാൾ അതിനു കൂട്ടാക്കിയില്ല. മുറ്റത്തു ഇരുട്ടു വീഴാൻ തുടങ്ങിയിരുന്നു. പടിഞ്ഞാറു നിന്നും വീശിയ കാറ്റു ഇലകളെ തഴുകി സാവധാനം കടന്നുപോയി.
പ്രിയവ്രതൻ എഴുതിയ ''കാറ്റു വീശിയപ്പോൾ" എന്ന കഥ ഇവിടെ അവസാനിക്കുന്നു.

സ്വപ്നാ ടാകീസ് Swapna Takis
രജത നിദ്രാതിരശ്ശീലയിൽ സപ്ത
നിറമണിഞ്ഞശ്വബന്ധരഥങ്ങളിൽ
പൊലിമയോടെഴുന്നെള്ളുന്ന സ്വപ്നമേ
വരിക വീണ്ടും നിശാദർശനങ്ങളിൽ.
രജനി താരകൾ കൊണ്ടു മേലാപ്പിട്ട
പഴയ ടാക്കീസിനുള്ളിൽ നിലത്തിരു-
ന്നൊരുപിടിച്ചൂടു കടലയും ഉദ്വേഗ-
നിമിഷ പാനീയവും കൊണ്ടിരിപ്പു ഞാൻ.
മറവി മാറാല മൂടിയ രംഗങ്ങൾ
നിറയെ വർണ്ണങ്ങൾ ചാർത്തി വന്നെത്തുന്നു.
പ്രണയ കല്ലോല ജാലങ്ങളിൽ തോണി
അഴിമുഖത്തിലേക്കെത്തുന്നനശ്വരം.
മണലിലാരോ കളിത്തട്ടു കാക്കുന്നു,
മധുരമുള്ളോരിതൾ വച്ചുനീട്ടുന്നു,
മെതി കഴിഞ്ഞു വൈക്കോലിൽ തിമിർക്കുന്നൊ-
രിരവിലാരോ ഒളിക്കുന്നു ചുംബനം.
കലഹമെത്തിനോക്കുന്നൊരാ ജാലക-
പ്പഴുതിലുല്ലാസഘോഷം നിറയ്ക്കുന്നു.
കരതലത്തിലെ രേഖയിൽ കൊള്ളിമീ-
നിടറി വീഴുന്നു വർഷപാതങ്ങളും.
ഝടുതിയെത്തുന്നിടവേളയിൽ കണ്ണു-
തിരുമിയോടുന്നു മാവിൻ ചുവട്ടിലെ
ലവണ ലാവണ്യ ധാരയിൽ മാത്രകൾ
മതിമറന്നിട്ടു പോകുന്നു പിന്നെയും.
പുക മുറിച്ചുകൊണ്ടെത്തുന്നറിയിപ്പു
"പുകവലിക്കുവാൻ പാടില്ല," പിന്നെയും!
നിറയെ വർത്തമാനങ്ങൾ നിറഞ്ഞൊരീ
പഴയ കൊട്ടക സമ്പൂർണ്ണമാകുന്നു.
നിറയെ നൃത്തങ്ങൾ, ഗാനങ്ങൾ, സംഘർഷ-
ഭരിത സംഘട്ടനങ്ങൾ, തമാശകൾ,
കദന പാതങ്ങൾ, കാറോട്ടവേട്ടയ്ക്കു-
മൊടുവിലെന്തെന്നു കാത്തിരിപ്പല്ലയോ!
പുലരി തല്ലിയുണർത്തുന്നു, ചമ്മിയ
ചിരി പരക്കുന്നു, സ്വപ്നമേ നീയിനി
പകലൊരുക്കും കിനാവിനു കൈകൊടു-
ത്തിവിടെയെങ്ങോ മറഞ്ഞിരിക്കുന്നുവോ?
രജത നിദ്രാതിരശ്ശീലയിൽ സപ്ത
നിറമണിഞ്ഞിന്ദ്ര ചാപം കുലച്ചുകൊ-
ണ്ടൊഴുകിയെത്തുന്ന വിസ്മയാകാരമെ
വരിക വീണ്ടും നിശാദർശനങ്ങളിൽ.
-----------------
23.08.2023

മണിയോർഡർ - Outstanding story by റിഷാദ് പട്ടാമ്പി
An outstanding story submitted by Rishad Pattambi at mozhi.org in October 2020.

ക്ഷമപ്പക്ഷികൾ - Priyavrathan

അപമാനിതരാകുന്ന സീതമാർ

അധികം ഇടിഞ്ഞു പൊളിയാത്ത ഒരുമാതിരി ലോകം

ഹോമോ പ്ലാസ്റ്റിയൻ - Homo plastien -
ചന്തമേറും താരകങ്ങൾ കണ്മിഴിച്ചാദരാൽ നിന്നു
ചന്ദ്രികാലംകൃതയായി വസുന്ധരയും.
പരിണാമ തരുവിന്റെ നെറുകയിൽ നവ ശാഖ
പതിയെ മിഴി തുറക്കാൻ മുഹൂർത്തമായി.
നോബൽ സമ്മാനാർജ്ജിതരാം പണ്ഡിതപ്രവരന്മാരോ
നോബിളിൻറെ പിറവിക്കു സാക്ഷികളാവാൻ
പൊളിത്തീനും, പോളിസ്റ്ററും, പോളി വിറ്റാമിനുകളും
പോളിബാഗിന്നുള്ളിലാക്കി യാത്രയുമായി.
പ്ലാസ്റ്റിക്കാഴി കടന്നു, വൻ പ്ലാസ്റ്റിക്കചലങ്ങൾ താണ്ടി
പ്ലാസ്റ്റിക് മരുഭൂമി തന്റെ നടുവിലെത്തി.
ആണവോർജ്ജ നിലയങ്ങൾ ആഭയേകിപ്പുലർത്തുന്ന
ആരാമത്തിൽ സിന്തറ്റിക്കിൻ നികുഞ്ജമദ്ധ്യേ,
പുംസവനം കഴിഞ്ഞു ഭൂ കുംഭോദരസമാനയായ്
പുണ്യജന്മമേകുവതിന്നൊരുങ്ങിടുന്നു.
ആസകലം വിറപൂണ്ടു, സ്വേതതീർത്ഥത്തിലാറാടി
പൂമിഴിയാൾ തിരുവയറൊഴിഞ്ഞനേരം,
വാനവർ നിരന്നു ബഹിരാകാശരാജവീഥിയിൽ
വാസനപ്പൂവൃഷ്ടികൊണ്ടു പൊറുതി മുട്ടി.
ട്രമ്പറ്റൂതി മാലാഖകൾ, ദഫ് മുട്ടി ഹൂറികളും
സന്തോഷത്താൽ സാത്താൻ പോലും ഭയങ്കരനായ്.
പഞ്ചബാണൻ തോൽക്കും രൂപം, സുന്ദരാസ്യനവജാതൻ
ചുണ്ടു കോട്ടിച്ചിരിക്കവേ മുഴങ്ങി വാനിൽ.
"നവ യുഗം പിറന്നല്ലോ, നവ ലോകം പിറന്നല്ലോ
നവ കേളീഗ്രഹങ്ങൾക്കു ശാന്തിയേകുവാൻ,
ഇണ്ടലൊഴിഞ്ഞുലകിനു ചണ്ഡസൗഖ്യം പകരുവാൻ
ഇന്ദ്രസമൻ പിറന്നല്ലോ ഹോമോ പ്ലാസ്റ്റിയൻ."
പ്ലാസ്റ്റിക്കസ്ഥി, കശേരുക്കൾ, പ്ലാസ്റ്റിക്കോലും മജ്ജ, ചർമ്മം
പ്ലാസ്റ്റിക്കു മോണയും കാട്ടി പ്ലാസ്റ്റിക്കു കുട്ടൻ.
വലിച്ചെറിഞ്ഞുപഭോഗപദാർഥങ്ങൾ തിരിച്ചെത്തി
വിലപ്പെട്ട ജീവനുള്ളിൽ പുതുകോശമായ്,
പറിച്ചെടുത്തെറിഞ്ഞാലും തിരിച്ചെത്തും ബുമറാങ്ങായ്
പടച്ചോൻ വിചാരിച്ചാലും അടങ്ങുകില്ല.
തുഞ്ചത്തോളം പോയാൽ പിന്നെ തഞ്ചത്തിൽ തിരിച്ചുവരാൻ
പഞ്ചഗവ്യം ഭുജിച്ചാലും കഴിയുകയില്ല.
മറുകരയ്ക്കുള്ള പോക്കിൽ അവനി പൊതിഞ്ഞെടുത്തു
മടിയിൽ തിരുകി ശാസ്ത്രം മതിമറന്നു.
Date Written: 16-03-2019

ഗൂഢാലോചന നടത്തിയ പൗലോ കൊയ്‌ലോ
ചില പുസ്തകങ്ങൾ നമുക്കു ലഭ്യമാക്കാൻ ഈ പ്രപഞ്ചം ഒരു ഗൂഢാലോചനപോലും നടത്തും. ചാരിറ്റി ഷോപ്പിലെ പുസ്തക അലമാരയിൽ ഒരു പഴയ പുറംചട്ടയുമായി എന്നെ കാത്തിരിപ്പുണ്ടായിരുന്നു ബ്രസീലിയൻ എഴുത്തുകാരനായ പൗലോ കൊയ്‌ലോയുടെ 'ആൽക്കമിസ്റ്റ്' എന്ന നോവൽ. പൗലോ കൊയ്‌ലോ എഴുതിയത് പോർട്ടുഗീസിൽ ആയിരുന്നു. ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്, ഉള്ളിൽ ഒളിപ്പിച്ച ഒരു നിധിയുമായി എനിക്കു ലഭിച്ചത്. ലഭിച്ച നിധി എന്തെന്ന് അവസാനം അറിയിക്കാം. (വായനക്കാരെ കെട്ടിവലിച്ചു വാലറ്റം വരെ കൊണ്ടു പോകണ്ടെ!) സാൻ റ്റിയാഗോ എന്ന ഇടയബാലന്റെ നിധി തേടിയുള്ള യാത്രയാണ് നോവലിന്റെ പ്രമേയം. പ്രവചന സ്വഭാവമുള്ള ഒരു സ്വപ്നത്തിന്റെ പിൻപേ, നിധി തേടി, മരുഭൂമിയുടെ നിർദ്ദയ കാർക്കശ്യത്തിലുടെ കടന്നുപോകുന്ന സാൻ റ്റിയാഗോ നാമോരോരുത്തരും ആണെന്ന തോന്നൽ ഉളവാക്കും എന്നിടത്തുനിന്നാണ്, രണ്ടു ദശ ലക്ഷത്തിൽ അധികം വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ വിപണന രഹസ്യം ഒളിഞ്ഞിരിക്കുന്നത്. ഒരുപാടു 'മോട്ടിവേഷണൽ' പ്രസംഗങ്ങൾക്കു തുല്യമാണ് ഈ ഒരു പുസ്തകം.
നോവലിനുള്ള സമാന തലങ്ങൾ, നോവലിസ്റ്റിന്റെ ജീവിതത്തിൽ കണ്ടെത്തുന്നത് സാധാരണമാണ്. 1947 ൽ ജനിച്ച പൗലോ കൊയ്‌ലോ, തന്റെ നായകനെപ്പോലെ ക്ലേശഭരിതമായ യാത്രകൾ നടത്തിയിട്ടുണ്ട്. തെക്കേ അമേരിക്ക, വടക്കെ ആഫ്രിക്ക, മെക്സിക്കോ, യൂറോപ്പ് തുടങ്ങി പലയിടങ്ങളിലും ദീർഘമായ യാത്രകൾ നടത്തിയ ശേഷമാണ് സാന്റിയാഗോ എന്ന ഇടയബാലന്റെ യാത്രകൾ ഈ ബ്രസീലുകാരൻ എഴുതിയത്.
ആൽകെമിസ്റ്റിലെ ഭൂമികയിലേക്കൊന്നു നോക്കാം. മധ്യധരണ്യാഴിയെ മെഡിറ്ററേനിയൻ കടലുമായി ബന്ധിപ്പിക്കുന്ന ജിബ്രാൾട്ടർ കടലിടുക്ക് ഭൂമിയിലെ ഏറ്റവും തന്ത്രപ്രാധാന്യമുള്ള പ്രദേശങ്ങളിൽ ഒന്നാണ്. ജിബ്രാൾട്ടർ എന്ന ചെറിയ പ്രദേശം, അന്തർദേശീയ തലത്തിലുള്ള സ്‌പെയിനിന്റെ നിരന്തരമായ സമ്മർദ്ദത്തിനു വഴങ്ങാതെ, ബ്രിട്ടൻ സ്വന്തമാക്കി വച്ചിരിക്കുന്നതിന്നു പിന്നിലെ കാരണവും മറ്റൊന്നല്ല. പതിന്നാലു കിലോമീറ്റർ കടലിടുക്കിനു വടക്കായി യൂറോപ്പിന്റെ കവാടമായ സ്പെയിനും, തെക്കായി ആഫ്രിക്കൻ രാജ്യമായ മൊറോക്കോയും പരിലസിക്കുന്നു. തെക്കൻ സ്പെയിനിലെ സ്വയംഭരണാധികാരമുള്ള വലിയ പ്രദേശമായ ആൻഡലൂഷ്യ പർവ്വതങ്ങളാലും, നദികളാലും, പുല്മേടുകളാലും അലംകൃതമാണ്. മദ്ധ്യകാല ഇസ്ലാമിക് ഭരണത്തിന്റെ ശേഷിപ്പുകൾ വഹിക്കുന്ന ഈ പ്രദേശത്തെ ഭൂരിപക്ഷവും ക്രിസ്തുമത വിശ്വാസികളാണ്. സാന്റിയാഗോയുടെ അലഞ്ഞുതിരിഞ്ഞുള്ള ഇടയജീവിതം ഇവിടെ ആരംഭിക്കുന്നു. ചെമ്മരിയാടിന്റെ രോമം വിൽക്കാനായി സാന്റിയാഗോ എത്തുന്ന 'താരിഫാ' എന്ന ചെറു പട്ടണം നോവലിലൂടെ നാം പരിചയപ്പെടുന്നു. ആൻഡലൂഷ്യയിൽ വച്ചു ലഭിക്കുന്ന സ്വപ്ന ദർശനത്തിനു പിന്നാലെ പോയ സാന്റിയാഗോ കടൽ കടന്നെത്തുന്നത് മൊറോക്കോയിലെ 'റ്റാൻഗിർ' എന്ന തുറമുഖപട്ടണത്തിലാണ്. സംസ്കാരങ്ങളുടെ സംഗമ ഭൂമിയാണ് തുറമുഖ പട്ടണങ്ങൾ. നോവലിലൂടെ കടന്നുപോകുന്ന വായനക്കാരൻ അതറിയുന്നു. ചൈനയോളം വലുപ്പമുള്ള ഭൂമിയിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറയിലൂടെയാണ് സാന്റിയാഗോ പിരമിഡിനെ ലക്‌ഷ്യം വച്ചു തുടർ യാത്ര ചെയ്യുന്നത്. പൊടിക്കാറ്റുവീശുന്ന മരുഭൂമിയിലെ യാത്രയിൽ കലാപവും, കൊള്ളയും ഏതു നിമിഷവും ഉണ്ടാകാം. നക്ഷത്രങ്ങൾ വിരിഞ്ഞ അനന്തമായ ആകാശത്തിന് കീഴിലെ ആകസ്മിതകളിലൂടെ അവനെത്തിച്ചേരുന്ന മരുപ്പച്ച, യാതികർക്കു മരുഭൂമി ഒരുക്കുന്ന ദാനമാണ്. അവിടെവച്ചാണവൻ 'ഫാത്തിമ' യെ കണ്ടെത്തുന്നത്. ആൻഡലൂഷ്യയിൽ തുടങ്ങി, ഈജിപ്തിലെ പിരമിഡിൽ വരെ എത്തി നിൽക്കുന്ന യാത്ര മനോഹരവും, ഉദ്വഗം നിറഞ്ഞതുമാണ്. തന്റെ 'തീർഥാടനം' (Pilgrimege) എന്ന നോവലിൽ വിവരിക്കുന്നതുപോലെ പൗലോ കൊയ്‌ലോ 500 ൽ അധികം മൈലുകൾ സ്പെയിനിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിലൂടെ 1986ൽ യാത്ര ചെയ്തിരുന്നു എന്നതും ഇവിടെ പ്രസക്തമാണ്. പരിഭാഷ ചെയ്യേണ്ടത് എങ്ങിനെആയിരിക്കണം എന്നറിയാൻ വേണ്ടിയാണ് അവധിക്കാലത്തു വായിച്ചു തീർത്ത ഇംഗ്ളീഷ് നോവലിന്റെ മലയാള പരിഭാഷ നാട്ടിൽ നിന്നും വാങ്ങി വായിച്ചത്. പരിഭാഷയും നന്നായി ആസ്വാദിച്ചു. പക്ഷെ ഒരു വാചകത്തിൽ മാത്രം എനിക്കു നിരാശയുണ്ടായി. ഇംഗ്ലീഷ് പുസ്തകത്തിന്റെ ഇരുപത്തി രണ്ടാമത്തെ പേജിൽ ഇങ്ങനെ ഒരു വാചകമുണ്ട്. "And, when you want something, all the universe conspires in helping you to achieve it." അതു നാല്പതാമത്തെ പേജിലും, അറുപത്തി രണ്ടാമത്തെ പേജിലും ഒക്കെ ആവർത്തിക്കുന്നു. നോവലിലെ ഏറ്റവും പ്രധാനപ്പെട്ട വാചകം ഇതു തന്നെ ആണെന്ന് ഞാൻ കരുതുന്നു. ഡി സി ബുക്ക്സ് പുറത്തിറക്കിയ രമാ മേനോന്റെ പരിഭാഷയിൽ ഈ വാചകത്തിന്റ മലയാള പരിഭാഷ ഇങ്ങനെയാണ്. "ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി ആത്മാർഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, ആ ആഗ്രഹം സഫലമാക്കാൻ ഈ ലോകം മുഴുവൻ അവന്റെ സഹായത്തിനെത്തും". ഞാൻ തെരഞ്ഞത് Conspiracy യുടെ മലയാള പദമായിരുന്നു. പദാനുപദ തർജ്ജമ ഇഷ്ടപ്പെടുന്നതുകൊണ്ടല്ല. "ഈ പ്രപഞ്ചം നിനക്കു വേണ്ടി ഗൂഡാലോചന നടത്തും" എന്നു പറയുന്നതിൽ എന്തോ ഒരു പ്രത്യേക സൗന്ദര്യമില്ലേ എന്ന

രാത്രി മുഴുവൻ മഴയായിരുന്നു

വീണ്ടും മരങ്ങൾ

പ്ലാവിലക്കുമ്പിൾ

വാസുദേവൻ

ഓർമ്മപ്പൂക്കാലം
